കണ്ണൂര്‍: ജീവനൊടുക്കിയ ബിഎല്‍ഒ അനീഷ് ജോര്‍ജിനെ സിപിഎം ഭീഷണിപ്പെടുത്തിയെന്നു സൂചിപ്പിക്കുന്ന ഓഡിയോ സന്ദേശം പുറത്തുവിട്ട് കോണ്‍ഗ്രസ്.
യുഡിഎഫ് പ്രതിനിധിയെ എസ്ഐആര്‍ ഫോം വിതരണത്തില്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം അനീഷിനെ ഭീഷണിപ്പെടുത്തിയതായി അനീഷ്തന്നെ വെളിപ്പെടുത്തുന്ന ശബ്ദരേഖയാണു ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ് പുറത്തുവിട്ടത്.
സിപിഎം നിയമിച്ച ബിഎല്‍എ റഫീഖിനു പകരം മുന്‍ ബ്രാഞ്ച് സെക്രട്ടറി ചന്ദ്രനാണ് അനീഷിനൊപ്പം വീടുകളിലേക്കു ഫോം നല്കാന് പോയതെന്ന് മാര്ട്ടിന് ജോര്‍ജ് ആരോപിച്ചു. മറ്റൊരു ദിവസം ഡിവൈഎഫ്ഐ നേതാവ് പ്രമോദാണ് അനീഷിനോടൊപ്പം പോയതെന്നും അദ്ദേഹം വ്യക്തമാക്കി.
ബിഎല്‍എമാരെ കൂട്ടിക്കൊണ്ടുപോകണമെന്ന് എസ്ഐആര്‍ ചട്ടങ്ങള്‍ വ്യക്തമാക്കുന്നുണ്ടെന്നും അതത് രാഷ്ട്രീയ പാര്‍ട്ടികള്‍ അംഗീകരിച്ച ബിഎല്എമാര്ക്കാണു വോട്ടര്‍പട്ടിക സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി സംസാരിക്കാന്‍ ധാര്‍മിക അവകാശമുള്ളതെന്നും മാര്ട്ടിന് ജോര്‍ജ് വ്യക്തമാക്കി. വീട്ടുകാരുടെ സംശയങ്ങള്‍ തീര്‍ക്കുന്നതിനും നടപടികള്‍ വേഗത്തിലാക്കുന്നതിനും പ്രദേശവുമായി പരിചയമുള്ള ബിഎല്‍എമാര്‍ ഉപകരിക്കും.
യുഡിഎഫ് ബിഎല്‍എ വൈശാഖിനോട് തന്നോടൊപ്പം ഫോം വിതരണത്തിനു വരരുതെന്ന് അനീഷ് ഫോണില്‍ പറഞ്ഞതിന്റെ തെളിവും ഡിസിസി പ്രസിഡന്റ് പുറത്തുവിട്ടു.
വൈശാഖ് വരുന്നതില്‍ എതിര്‍പ്പുണ്ടെന്നും കാര്യമെന്താണെന്നു പിന്നെ പറയാമെന്നും അനീഷ് പറയുന്നത് ഓഡിയോയില്‍ വ്യക്തമാണ്. താന്‍ ബിഎല്‍എ അല്ലേ, പിന്നെ എന്തുകൊണ്ട് എതിര്‍പ്പെന്ന് വൈശാഖ് തിരിച്ചുചോദിക്കുന്നതും ശബ്ദരേഖയില്‍ കേള്‍ക്കാം.
കോണ്‍ഗ്രസിന്റെ ബൂത്ത് ലെവല്‍ ഏജന്റായ വൈശാഖ് എന്യൂമറേഷന് ഫോം വിതരണത്തിന് അനീഷിനൊപ്പം പോയിരുന്നുവെങ്കിലും സിപിഎം ഭീഷണിസ്വരത്തില്‍ തന്നെ ഒഴിവാക്കണമെന്ന് അനീഷിനോട് ആവശ്യപ്പെട്ടതായി വൈശാഖ് മാധ്യമങ്ങളോടു പറഞ്ഞു.